Saturday, May 19, 2007

വക്കച്ചന്റെ കഥ-രണ്റ്ടാം ഭാഗം

മനോജ്‌ വാതില്‍ തുറന്നു തന്നു. വളരെ മനോഹരമായ അപ്പാര്‍ട്മെന്റ്. മനോജ്‌ തുടര്‍ന്നു “ഇവിടെ ഞങ്ങള്‍ 6 പേരാണ്‌ 4 ബെഡ്ഡ്‌ റുമുകളുള്ളതില്‍ ഒരെണ്ണത്തില്‍ വക്കച്ചന്‍ ചേട്ടന്‍ തനിയെയാണ്‌ മറ്റു മൂന്നു മുറികളില്‍ ഞങ്ങള്‍ 5 പേര്‍ കഴിയുന്നു. എന്റെ മുറിയില്‍ ഞാന്‍ മാത്രമെ ഉള്ളു തനിക്ക്‌ എന്റെ കൂടെ കൂടാം. ഞാന്‍ സമ്മത ഭാവത്തില്‍ തലയാട്ടി" അപ്പോഴേക്കും അവരവരുടെ റുമില്‍ നിന്നും മറ്റുള്ളവരെത്തി ശശി, വേണു, ദയാല്‍ വിവേക്‌- എല്ലാവരുമായി പരിചയപ്പെട്ടു കഴിഞ്ഞിട്ടും വക്കച്ചന്‍ ചേട്ടനെ കണ്ടില്ല. ഞാന്‍ മനോജിനോട്‌ വക്കച്ചന്‍ ചേട്ടനെ പറ്റി അന്വേഷിച്ചു. "പുള്ളി ഉറക്കമാ, ഉറക്കത്തില്‍ ആരും ശല്യപ്പെടുത്തുന്നത്‌ ഇഷ്ടമല്ല". “അത്താഴത്തിനെന്താ സാധാരണ?, ഇവിടെയെല്ലാവരും ചപ്പാത്തിയും കിഴങ്ങു കറിയുമാണ്‌ കഴിക്കുക. അതുണ്ടാക്കിയാല്‍ മതിയോ?”, -സത്യം പറഞ്ഞാല്‍ എനിക്കു തീരെ വിശപ്പില്ലായിരുന്നു. നല്ല യാത്രാക്ഷീണം ഒന്നു കുളിക്കുക എവിടെയെങ്കിലുമൊന്നു തലചായ്ക്കുക ഇതായിരുന്നു എന്റെ ആഗ്രഹം, പക്ഷെ മനോജിനോട്‌ അതു സൂചിപ്പിക്കാനൊരു വിമുഖത. വക്കച്ചന്‍ ചേട്ടനെയിതുവരെ കണ്ടതുമില്ല, എന്തു ചെയ്യണമെന്നറിയാതെ അവിടെ കണ്ട സോഫയിലേക്കു ചാഞ്ഞ ഞാന്‍ ഉണരുന്നത്‌ മനോജ്‌ കുലുക്കി വിളിച്ച്പ്പോഴാണ്‌. "എന്തൊറക്കമാ ഇഷ്ടാ ഇത്‌, മണി 12 ആയി, വിളിക്കുന്നതെങ്ങിനെ എന്നു കരുതി എത്രനേരമായി ഞാന്‍ കാത്തിരിക്കുന്നതെന്ന്‌ അറിയാമോ?. കിടക്കണമെന്നുണ്ടായിരുന്നെങ്കില്‍ പറഞ്ഞാല്‍ പോരായിരുന്നോ?,ഇവിടെക്കിടന്നുറങ്ങിയതെന്തിനാ?, ഭക്ഷണം കഴിക്കേണ്ടെ?, രാത്രിയില്‍ കുളി പതിവുണ്ടോ?”. നൂറുകൂട്ടം ചോദ്യങ്ങളുമായി മനോജ്‌ പുറകെ കൂടി, എനിക്കാണെങ്കില്‍ ഉറക്കപ്പിച്ചും സ്ഥലജല വിഭ്രാന്തിയും കൂടി ഒരു പ്രത്യേക മാനസികാവസ്ഥ. അന്നു മനോജിന്റെ ചോദ്യങ്ങള്‍ക്കൊന്നും ഞാന്‍ ഉത്തരം പറഞ്ഞില്ല എന്നാണെന്റെ ഓര്‍മ്മ. ഒരു വിധത്തില്‍ ഉന്തിയും തള്ളിയും എന്നെ മനോജ്‌ മുറിക്കകത്താക്കുകയായിരുന്നു എന്ന്‌ മനോജ്‌ പിന്നീടെന്നോട്‌ പറഞ്ഞു. പിറ്റേന്ന്‌ കാലത്ത്‌ ഞാന്‍ ഉറക്കമുണര്‍ന്നത്‌ രാവിലെ 10 മണിക്ക്‌. ഫ്ളാറ്റില്‍ വേറെ ആരുമില്ല. എല്ലാവരും ജോലിക്കു പോയിക്കാണും. ആരുമെന്നെ വിളിക്കാഞ്ഞതെന്തെ എന്നു ഞാന്‍ ചിന്തിച്ചു, കുട്ടിക്കാലത്തു പഠിച്ച "നാണിച്ചാ ചെറുപയ്യന്‍ പോയല്ലോ കളരിയിലും" എന്നവസാനിക്കുന്ന കവിത എനിക്കു സാന്ദര്‍ഭികമായി ഓര്‍മ്മവന്നു. കൊണ്ടു വന്ന പെട്ടികളില്‍ നിന്നും പേസ്റ്റും ബ്രഷും തപ്പിപ്പിടിച്ച്‌ പല്ലു തേക്കാന്‍ വട്ടം കൂട്ടുമ്പോള്‍ എവിടെനിന്നോ മനോജെത്തി, "ലക്ഷണം കണ്ടിട്ട്‌ ഒരു ഉറക്കഭ്രാന്തനാണെന്നു തോന്നുന്നല്ലോ?. ഇത്‌ വക്കച്ചന്‍ ചേട്ടന്‍ സമ്മതിക്കില്ല കേട്ടോ, ഇന്നു പിന്നെ ആദ്യ ദിവസമായതു കൊണ്ട്‌ ഒരു എസ്ക്യൂസ്‌ തന്നതാ" മനോജ്‌ പറഞ്ഞു. "അങ്ങിനെയൊന്നുമില്ല, യാത്ര ചെയ്തതു കൊണ്ട്‌ നല്ല ക്ഷീണമുണ്ടായിരുന്നു, എന്നിട്ട്‌ വക്കച്ചന്‍ ചേട്ടനെവിടെ?”. പുള്ളി രാവിലെ നാലരയ്കെഴുന്നേല്‍ക്കും, ചിലദിവസങ്ങളില്‍ കക്ഷി മൂന്നരക്കായിരിക്കും ഉറങ്ങുക, എന്നാലും നാലരയ്ക്ക്‌ എഴുനേല്‍ക്കും, പിന്നെ ഞങ്ങളെയെല്ലാരെയും കൂട്ടി നടക്കാനിറങ്ങും. അത്‌ പുള്ളിക്കു നിര്‍ബന്ധമാണ്‌, ഒഴിവുകഴിവു പറഞ്ഞു രക്ഷപെടാനൊക്കില്ല പനിയാണെന്നു പറഞ്ഞാല്‍ അപ്പോത്തന്നെ ഡോക്റ്ററുടെ അടുത്തു കൊണ്ടുപോകാമെന്നു പറയും. ഇന്നു പിന്നെ നിങ്ങളുള്ളതുകൊണ്ട്‌ എനിക്കു ഇളവനുവദിച്ചു, "അപ്പോള്‍ നടത്തം കഴിഞ്ഞുടനെത്തുമായിരിക്കും അല്ലേ?”. മനോജ്‌ ഒരു നിമിഷം എന്നെ വിസ്തരിച്ചൊന്നു നോക്കി, ഇയാളെന്നാ കിഴങ്ങനാ എന്നൊരു ചോദ്യം മനോജിണ്റ്റെ കണ്ണുകളില്‍ ഒരുനിമിഷം മിന്നിമറഞ്ഞോ എന്നൊരു സംശയം. –“ഉവ്വ, ഉവ്വ, എത്തും, പക്ഷെ എപ്പോഴായിരിക്കുമെന്നോ ഏതു പരുവത്തിലായിരിക്കുമെന്നോ ദൈവം തമ്പുരാനു മാത്രമെ അറിയത്തൊള്ളു, എടോ ഇപ്പോ സമയമെന്തായെന്നാ വിചാരം?,വക്കച്ചന്‍ ചേട്ടനിപ്പോള്‍ ജോലിയിലായിരിക്കും. എല്ലാരും നടത്തവും, കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞു ജോലിക്കു പോയി. എനിക്കു ഞായറാഴ്ച വര്‍ക്കുണ്ട്‌ പകരം വെള്ളിയാഴചയാണ്‌ ഓഫ്‌, ഇന്നു വെള്ളിയാഴ്ചയല്ലെ, അതുകൊണ്ടെനിക്കു പോകെണ്ട, താനില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ കറങ്ങാന്‍ പോയേനെ., തന്റെ ഒരു ഒഴിവു ദിവസം തുലച്ചതിണ്റ്റെ ചെറിയൊരു ഈര്‍ഷ്യയുണ്ടായിരുന്നു മനോജിണ്റ്റെ സ്വരത്തിന്‌. എന്തായാലും വേഗം കുളിച്ച്‌ റെഡിയാക്‌, ബോംബെയില്‍ ആദ്യമായി വരികയല്ലേ നമുക്കൊന്നു, പുറത്തേക്കിറങ്ങാം. മനോജ്‌ പറഞ്ഞു, നല്ല ഉറക്കം കിട്ടിയതിനാല്‍ ഞാനും നല്ല മൂഡിലായിരുന്നു, ഞാന്‍ കുളിമുറിയിലേക്കോടി.

കറക്കമെല്ലാം കഴിഞ്ഞു ഞങ്ങള്‍ തിരിച്ചെത്തുമ്പോഴേക്കും വൈകിട്ട്‌ ആറുമണിയോടടുത്തിരുന്നു. അസ്തമിക്കാന്‍ തുടങ്ങുന്ന സൂര്യണ്റ്റെ ചെങ്കതിരേറ്റ്‌ ആ പ്രദേശമാകെ ചുവന്നിരുന്നു, മനസ്സു കുളിര്‍പ്പിക്കുന്ന കാഴ്ച. പക്ഷെ !!.

3 comments:

മണ്ടൂസ് said...

കറക്കമെല്ലാം കഴിഞ്ഞു ഞങ്ങള്‍ തിരിച്ചെത്തുമ്പോഴേക്കും വൈകിട്ട്‌ ആറുമണിയോടടുത്തിരുന്നു. അസ്തമിക്കാന്‍ തുടങ്ങുന്ന സൂര്യണ്റ്റെ ചെങ്കതിരേറ്റ്‌ ആ പ്രദേശമാകെ ചുവന്നിരുന്നു, മനസ്സു കുളിര്‍പ്പിക്കുന്ന കാഴ്ച. പക്ഷെ !!.

വക്കച്ചന്റെ കഥ- ഭാഗം രണ്ട്

മണ്ടൂസ് said...

കറക്കമെല്ലാം കഴിഞ്ഞു ഞങ്ങള്‍ തിരിച്ചെത്തുമ്പോഴേക്കും വൈകിട്ട്‌ ആറുമണിയോടടുത്തിരുന്നു. അസ്തമിക്കാന്‍ തുടങ്ങുന്ന സൂര്യണ്റ്റെ ചെങ്കതിരേറ്റ്‌ ആ പ്രദേശമാകെ ചുവന്നിരുന്നു, മനസ്സു കുളിര്‍പ്പിക്കുന്ന കാഴ്ച. പക്ഷെ !!.

വക്കച്ചന്റെ കഥ- ഭാഗം രണ്ട്

Kaithamullu said...

മരണവാര്‍ത്ത കേട്ട് പൊട്ടിപ്പൊട്ടിച്ചിരിച്ച ആ കഥാനായകന്‍ വക്കച്ചന്‍, ചെങ്കതിരേറ്റ് ചുവന്ന ആ പ്രദേശത്ത്..

എപ്പോ...എപ്പോ വരും മാഷേ?

(പാരാഗ്രാഫൊക്കെ തിരിച്ച് വിവരണമൊക്കെ ഒന്നൊതുക്കി വാക്കുകള്‍‍ ഒക്കെ ഒന്നടുക്കി....എന്താ, ബോറടിക്കുന്നോ, എന്നാ വേണ്ടാ...)